EXCELLENCE IS NOT TARGET TO MEET,BUT SIMPLY IT IS A WAY OF LIFE...

Try to be excellent in all aspect of life so that the world will come after you..............

8/11/2009

ഇ വിപ്ലവത്തെ ആര്‍ക്കാണ് പേടി

മാതൃഭൂമിയില്‍ വന്ന ലേഖനം - സി .ജയ്കിഷന്‍
പത്രങ്ങളുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്നത്‌ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ്‌. ഇ-വിപ്ലവത്തിന്റെയും സാമ്പത്തികമാന്ദ്യത്തിന്റെയും കാലത്ത്‌ ആ വാദം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുന്നു. എന്താണ്‌ യാഥാര്‍ഥ്യം? അമേരിക്കയില്‍ ഈയിടെ നടന്ന ആധികാരിക പഠനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പരിശോധന.'വം ശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗത്തെ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടുപോകാനാണോ നിങ്ങളുദ്ദേശിക്കുന്നത്‌?''-ലോസ്‌ ആഞ്‌ജലീസ്‌ ടൈംസിലെ പ്രഗല്‌ഭ റിപ്പോര്‍ട്ടറായിരുന്ന ഡേവിഡ്‌ഷാ 1976 ലാണ്‌ ഈചോദ്യം ഉന്നയിച്ചത്‌. ഷാ ഉദ്ദേശിച്ച ജീവിവര്‍ഗം വര്‍ത്തമാനപത്രങ്ങളായിരുന്നു. പത്രങ്ങള്‍ ഈ മട്ടില്‍ എത്രകാലം നിലനി'ുമെന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ എഴുപതുകളിലേ തുടങ്ങിയിരുന്നു. ഇപ്പോള്‍ കാലംമാറി. വാര്‍ത്തകളറിയാന്‍ പത്രങ്ങളെ ആശ്രയിക്കേണ്ട കാലം എന്നേ കഴിഞ്ഞു. ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന സംഭവങ്ങള്‍ അതേസമയത്ത്‌ കണ്‍മുന്നിലെത്തുന്ന മാധ്യമവിസ്‌ഫോടനത്തിന്റെ നാളുകള്‍. 24 മണിക്കൂറും വാര്‍ത്തകള്‍ ഒഴുക്കിവിടുന്ന ടെലിവിഷന്‍ ന്യൂസ്‌ ചാനലുകള്‍, വാര്‍ത്തകളിലേക്കും അതിന്റെ മറുപുറത്തേക്കും വിശാലജാലകക്കാഴ്‌ച തുറക്കുന്ന ഇന്റര്‍നെറ്റ്‌ വെബ്‌ലോകം. മള്‍ട്ടിമീഡിയയുടെ ബഹുസ്വരമേളനത്തിനിടയില്‍ ബഹുദൂരം പിന്നിലായിപ്പോകുന്ന വര്‍ത്തമാനപത്രങ്ങള്‍ക്ക്‌ എവിടെയാണ്‌ പ്രസക്തി? അച്ചടിമാധ്യമങ്ങളുടെ ആസന്ന മരണംതന്നെയാണ്‌ ഈ ഘട്ടത്തില്‍ മാധ്യമനിരീക്ഷകരിലൊരു വിഭാഗം പ്രവചിക്കുന്നത്‌. അതിനിടയിലേക്ക്‌ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിക്കൈകളും. പാശ്ചാത്യരാജ്യങ്ങളിലെ ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ചില പത്രസ്ഥാപനങ്ങള്‍ വരെ അടച്ചുപൂട്ടി. ചില സ്ഥാപനങ്ങളെ വമ്പന്മാര്‍ ഏറ്റെടുത്തു. തൊഴില്‍സുരക്ഷയെക്കുറിച്ച്‌ ആശങ്കകളില്ലാതിരുന്ന ഈ മേഖലയില്‍ ഒട്ടേറെ പത്രപ്രവര്‍ത്തകര്‍ പണിപോയി വീട്ടില്‍ കുത്തിയിരിപ്പായി. എഴുതിത്തള്ളാന്‍ വരട്ടെ എന്നാല്‍ പ്രതിസന്ധികളുടെ ഈ ഉഷ്‌ണകാലത്തും പത്രങ്ങളെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ലെന്ന്‌ പുതിയ പഠനങ്ങള്‍ പറയുന്നു. അച്ചടിമഷി പുരണ്ട വാര്‍ത്തകളുടെ യുഗം അവസാനിച്ചിട്ടില്ലെന്നാണ്‌ താരതമ്യപഠനം നടത്തിയ വിദഗ്‌ധരുടെ നിരീക്ഷണങ്ങള്‍. ഇന്റര്‍നെറ്റില്ലാതെ ജീവിതം അസാധ്യം എന്നമട്ടിലെത്തിനി'ുന്ന അമേരിക്കയില്‍ മാര്‍ട്ടിന്‍ ലെങ്‌വെള്‍ഡ്‌ എന്ന മാധ്യമനിരീക്ഷകന്‍ ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. പ്രമുഖ ദിനപത്രങ്ങളും അവയുടെ ഓണ്‍ലൈന്‍ എഡിഷനുകളുമാണ്‌ പഠനവിധേയമാക്കിയത്‌. അതിന്റെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. 96.5 ശതമാനം വായനക്കാരും അച്ചടിച്ച പത്രങ്ങളെയാണ്‌ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത്‌. ഓണ്‍ലൈന്‍ എഡിഷനുകളുടെ വായന 3.5 ശതമാനത്തിലൊതുങ്ങുന്നു. 'എഡിറ്റര്‍ ആന്‍ഡ്‌ പബ്ലിഷേഴ്‌സ്‌' എന്ന പ്രമുഖ പ്രസിദ്ധീകരണവും ഇതുസംബന്ധിച്ച്‌ ഈയിടെ പഠനം നടത്തി. അതില്‍നിന്ന്‌: 'ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ ഓണ്‍ലൈന്‍ എഡിഷന്‍ കഴിഞ്ഞ ജൂണില്‍ സന്ദര്‍ശിച്ചത്‌ 1.74 കോടി പേര്‍. ഇതേമാസം സൈറ്റില്‍ ഒരു സന്ദര്‍ശകന്‍ ചെലവിട്ട സമയം ശരാശരി 14 മിനിറ്റ്‌ 29 സെക്കന്‍ഡ്‌ മാത്രം. സൈറ്റില്‍ ഒരു മാസം സന്ദര്‍ശകര്‍ ആകെ ചെലവിട്ടത്‌ 42 ലക്ഷം മണിക്കൂര്‍ (നെറ്റ്‌ അലസമായി പരതിനീങ്ങുന്നവരുടെ കാര്യമെടുക്കുമ്പോള്‍ ഈ കണക്ക്‌ അത്ര കൃത്യതയുള്ളതാവില്ല. എങ്കിലും പൊതു നിരീക്ഷണത്തിന്‌ ആശ്രയിക്കാം). രണ്ടാംസ്ഥാനത്ത്‌ ലോസ്‌ ആഞ്‌ജലീസ്‌ ടൈംസിന്റെ ഓണ്‍ലൈന്‍ എഡിഷനാണ്‌. ജൂണില്‍ ഈ സൈറ്റ്‌ സന്ദര്‍ശിച്ചത്‌ 1.03 കോടി പേര്‍. ശരാശരി ഒരാള്‍ ചെലവിട്ടത്‌ 10 മിനിറ്റ്‌ 53 സെക്കന്‍ഡ്‌. സൈറ്റില്‍ സന്ദര്‍ശകര്‍ മാസം മൊത്തം ചെലവഴിച്ചത്‌ 19 ലക്ഷം മണിക്കൂര്‍. ഈ കണക്കുകളും യഥാര്‍ഥ പത്രവായനയും തമ്മിലുള്ള താരതമ്യത്തിലാണ്‌ വ്യത്യാസം ബോധ്യപ്പെടുക. 11 ലക്ഷം വരിക്കാരാണ്‌ പത്രത്തിനുള്ളത്‌. ഒരാള്‍ പ്രതിദിനം 30 മിനിറ്റെങ്കിലും പത്രം വായനയ്‌ക്ക്‌ വിനിയോഗിക്കുന്നുവെന്ന്‌ കണക്ക്‌. അതായത്‌ പ്രതിമാസം 1.65 കോടി മണിക്കൂര്‍. ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഓണ്‍ലൈന്‍ എഡിഷനില്‍ സന്ദര്‍ശകര്‍ ചെലവിടുന്ന സമയത്തിന്റെ നാലിരട്ടി വരുമത്‌. പത്രങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു നേട്ടം അവഗണിക്കാനാവില്ല. ഒരു പത്രം ഒരാള്‍മാത്രം വായിക്കുമ്പോഴുള്ള കണക്കാണ്‌ മുകളില്‍ പറഞ്ഞത്‌. അമേരിക്കയില്‍ പത്രത്തിന്റെ ഒരു പ്രതി ശരാശരി 2.2 പേരെങ്കിലും വായിക്കുന്നുവെന്നാണ്‌ കണക്ക്‌. അതായത്‌ പത്രങ്ങളുടെ വായനസമയം ഇരട്ടിക്കുമെന്ന്‌ വ്യക്തം. മുന്‍നിരയിലുള്ള അഞ്ച്‌ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്റെ ശരാശരി വായനസമയം 12.6 ശതമാനത്തിലൊതുങ്ങുകയാണ്‌; 'പഴഞ്ചന്‍ കടലാസ്‌ പത്ര'ങ്ങളുടേതാകട്ടെ 87.4 ശതമാനവും. പത്രത്തിന്റെ ഒരു പ്രതി ഒന്നിലേറെ പേര്‍ വായിക്കുന്നുവെന്ന കണക്കുകൂടി പരിഗണിക്കുമ്പോള്‍ ഇത്‌ യഥാക്രമം 8.3 ശതമാനം-91.7 ശതമാനം ആയിത്തീരുന്നു. അമേരിക്കയില്‍ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ വിപ്ലവത്തിന്‌ തുടക്കംകുറിച്ചിട്ട്‌ ഒന്നര ദശാബ്ദം കഴിഞ്ഞുവെന്നത്‌ ഇതുമായി കൂട്ടിവായിക്കണം. അതായത്‌ പുതിയ മാധ്യമലോകത്തെ കാറ്റിന്റെ ഗതി തിരിച്ചറിയാന്‍ സമയമായി എന്നര്‍ഥം. പത്രങ്ങളുടെ നിലനില്‌പിന്റെ ആധാരമായ പരസ്യവരുമാനത്തിന്റെ കണക്കുകൂടി പരിശോധിക്കാം. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക്‌ ടൈംസ്‌ മീഡിയാഗ്രൂപ്പ്‌ 108 കോടി ഡോളറാണ്‌ പരസ്യവരുമാനമുണ്ടാക്കിയത്‌. അതില്‍ 1.5 കോടി ഡോളറാണ്‌ ഓണ്‍ലൈന്‍ എഡിഷനില്‍നിന്ന്‌ ലഭിച്ചത്‌. ബാക്കി 86 കോടിയിലേറെ ഡോളര്‍ പത്രത്തില്‍നിന്നു മാത്രമുള്ള പരസ്യവരുമാനമായിരുന്നു. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പരസ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ച്‌ മറ്റൊരു ലോകത്തേക്ക്‌ നയിച്ചേക്കാം. ഇത്തരം പരസ്യങ്ങളില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശകരില്‍ മിക്കവര്‍ക്കും താത്‌പര്യം. അതുകൊണ്ടുതന്നെ പരസ്യങ്ങളെ പാടെ 'ബ്ലോക്ക്‌' ചെയ്യുന്ന സാങ്കേതികവിദ്യയും ഇന്റര്‍നെറ്റ്‌ ലോകത്ത്‌ പ്രചാരം നേടിവരികയാണ്‌. ഇതും ഓണ്‍ലൈന്‍ എഡിഷനുകള്‍ക്ക്‌ ഭീഷണിതന്നെ. ആരെ നിങ്ങള്‍ വിശ്വസിക്കും? വിശ്വാസ്യതയാണ്‌ വെബ്‌ലോകവും വാര്‍ത്താചാനലുകളും നേരിടുന്ന മറ്റൊരു വെല്ലുവിളി. ഊരും നാളും വിലാസവുമൊന്നുമില്ലാത്തവനായിരിക്കും ഇന്റര്‍നെറ്റ്‌ ലോകത്തെ മിക്ക വാര്‍ത്താ പ്രചാരകരും. ഇന്ന്‌ പറയുന്നത്‌ നാളെ മാറ്റിപ്പറയും; ഭീമാബദ്ധങ്ങള്‍ യാഥാര്‍ഥ്യമെന്ന മട്ടില്‍ എഴുന്നള്ളിക്കും; പുലഭ്യം പറയും, പരിഹസിച്ചുകൊല്ലും. ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല, ചോദിച്ചാല്‍ത്തന്നെ മറുപടിയുമില്ല. നെറ്റ്‌ ലോകത്തെ ഹരങ്ങളിലൊന്നായ ബ്ലോഗുകള്‍ തന്നെയാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍. അതുകൊണ്ടുതന്നെ പ്രചാരം സിദ്ധിച്ച പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്ക്‌ പ്രിയമേറുന്നു. നെറ്റില്‍ മാത്രമൊതുങ്ങുന്ന ഇ- പത്രങ്ങള്‍ മിക്കപ്പോഴും എവിടെയുമെത്താതെ ത്രിശങ്കുവില്‍ തുടരുകയും ചെയ്യുന്നു. ഇവിടെയാണ്‌ വായനക്കാരന്റെ കൈകളില്‍ നേരിട്ടെത്തുന്ന പത്രത്തിന്റെ പ്രസക്തി. ആധികാരികത ഉറപ്പാക്കുകയെന്ന തറവാടിത്ത ശൈലി അവരിന്നും പിന്തുടരുന്നു. ചുരുങ്ങിയത്‌ ഇന്ന്‌ പിഴവു സംഭവിച്ചാല്‍ നാളെ തിരുത്തുകൊടുത്ത്‌ ക്ഷമാപണം പറയാനുള്ള മാന്യതയെങ്കിലും കാട്ടുന്നു. അപ്പോള്‍ പിന്നെ വായനക്കാരന്‍ ആരെയാണ്‌ വിശ്വസിക്കുക? അതിജീവനത്തിന്റെ വഴികള്‍ എന്നുവെച്ച്‌ പത്രങ്ങള്‍ക്കുമുന്നില്‍ ഒരു പ്രതിസന്ധിയുമില്ല എന്നല്ല. പ്രചാരം ഇടിഞ്ഞുവരുന്നത്‌ പാശ്ചാത്യ രാജ്യങ്ങളിലെ പത്രമുടമകള്‍ക്ക്‌ ഉറക്കമില്ലാ രാവുകള്‍ സമ്മാനിക്കുന്നുണ്ട്‌. ''ഭാവി ഡിജിറ്റല്‍ ലോകത്തിനുതന്നെയാണ്‌. പക്ഷേ, പത്രങ്ങള്‍ക്കും അവയുടേതായ സ്ഥാനം ഉണ്ടാവുമെന്നുറപ്പ്‌'' -അമേരിക്കന്‍ ജേര്‍ണലിസം റിവ്യൂ സീനിയര്‍ എഡിറ്ററും മെരിലാന്‍ഡ്‌ സര്‍വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസറുമായ കാള്‍ സെഷന്‍സ്‌ സ്റ്റെപ്‌ പറയുന്നു. നിലവിലുള്ള പ്രതിസന്ധിയെ പത്രങ്ങള്‍ എങ്ങനെ മറികടക്കുന്നുവെന്നതാണ്‌ പ്രധാനം. ഡിജിറ്റല്‍ ലോകത്തും സ്വന്തമായി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി വൈവിധ്യവത്‌കരണത്തിന്‌ പത്രങ്ങള്‍ തയ്യാറായേ തീരൂ. ''വെബ്‌ ജേര്‍ണലിസനത്തിനെതിരെ പാഴ്‌വായനയെന്ന വിമര്‍ശനം നേരത്തേ തന്നെയുണ്ട്‌. ഗൗരവതരമായ പത്രപ്രവര്‍ത്തനത്തിനാകും ഭാവിയെന്ന്‌ ഞാന്‍ കരുതുന്നു. കൃത്യതയും സമഗ്രതയും ഉറപ്പാക്കാനാണ്‌ പത്രങ്ങള്‍ പോരാടേണ്ടത്‌. ഇ-പത്രങ്ങളും വാര്‍ത്താ ചാനലുകളുമൊക്കെ നല്‌കുന്നതിനേക്കാള്‍ കൂടുതല്‍ എന്തുനല്‌കാന്‍ കഴിയും എന്നതാണ്‌ പത്രങ്ങള്‍ ആലോചിക്കേണ്ടത്‌. അതില്‍ വിജയിക്കുന്നവര്‍ക്കായിരിക്കും ഭാവി''- സ്റ്റെപ്‌ ചൂണ്ടിക്കാട്ടുന്നു. ''യുവാക്കള്‍ മുഴുവന്‍ ഇ-ലോകത്തിനു പിന്നാലെയാണ്‌. അവര്‍ക്ക്‌ വായിക്കാന്‍ സമയമില്ല. പത്രം വായിക്കുന്നത്‌ മധ്യവയസ്സ്‌ പിന്നിട്ടവരാണ്‌. അവരുടെ കാലം കഴിയുന്നതോടെ പത്രങ്ങള്‍ക്ക്‌ സ്വയം ചരമവാര്‍ത്ത എഴുതേണ്ടിവരും''-പത്രങ്ങളുടെ മരണം പ്രവചിക്കുന്ന പണ്ഡിതരുടെ നിരീക്ഷണം ഈ മട്ടിലൊക്കെയാണ്‌. ''പക്ഷേ യുവാക്കള്‍ എന്നും അങ്ങനെയായിരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. ജീവിതം ഗൗരവമായിട്ടെടുക്കുമ്പോള്‍ വായനയുടെ പ്രാധാന്യം അവര്‍ തിരിച്ചറിയും. ഒപ്പം യുവാക്കളെ ആകര്‍ഷിക്കാന്‍ പത്രങ്ങളുടെ ഭാഗത്തുനിന്ന്‌ ശ്രമവും വേണം''-സ്റ്റെപ്പ്‌ പറയുന്നു. ഉപേക്ഷിക്കാനാവാത്ത ശീലം പുലര്‍കാലത്ത്‌ ഉറക്കംവിട്ടുണരുമ്പോള്‍ പുറത്ത്‌ സൈക്കിള്‍ബെല്ലിന്റെ ഒച്ച. പൂമുഖത്തെത്തുമ്പോള്‍ മുന്നില്‍ പറന്നുവീഴുന്നു പുതുമണം മാറാത്ത, ചുളിവു വീഴാത്ത പത്രം. ചൂടുകാപ്പിയുടെ അകമ്പടിയോടെ തലേന്നത്തെ സംഭവങ്ങളിലേക്കുള്ള യാത്ര.... അവഗണിക്കാനാവുമോ ആ പ്രലോഭനത്തെ? മലയാളിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. ഡിജിറ്റല്‍ വിപ്ലവത്തിന്റെ പരകോടിയിലും പത്രമെന്ന ശീലം അവര്‍ ഉപേക്ഷിക്കാനിടയില്ല. രാവിലെ ചായ കിട്ടിയില്ലെങ്കിലും പത്രം വന്നില്ലെങ്കില്‍ ദിവസം കുളമായെന്നു കരുതുന്നവര്‍ ഏറെയുള്ള നാടാണിത്‌. അവര്‍ക്ക്‌ പത്രം വായന ഒരു അനുഷ്‌ഠാനം പോലെയാണ്‌. ചാനലിലെ വാര്‍ത്തവായനക്കാരന്റെ ചെവിതുളയ്‌ക്കുന്ന അവതരണമോ, ചര്‍ച്ചയ്‌ക്കെത്തുന്ന ആസ്ഥാനബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും വാഗ്വാദമോ, എഴുന്നേറ്റോടാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്താദൃശ്യങ്ങളോ ഇന്റര്‍നെറ്റിലെ അഭ്യാസക്കസര്‍ത്തുകളോ പത്രപാരായണത്തില്‍ ഭീഷണിയാവുന്നില്ല. തികച്ചും സ്വകാര്യതയില്‍, സ്വന്തമായി പണിയുന്ന ലോകത്ത്‌ വാര്‍ത്തകളില്‍നിന്ന്‌ വാര്‍ത്തകളിലേക്ക്‌.... ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കാം, ഇഷ്‌ടമില്ലാത്തത്‌ തള്ളിക്കളയാം. ഉപേക്ഷിക്കാനാവാത്തൊരു ശീലമാണത്‌. വായനക്കാരനും പത്രവും തമ്മിലുള്ള ആത്മബന്ധം.

1 comment: